ന്യൂഡൽഹി: രണ്ട് ദിവസത്തെ ചെറിയ ആശ്വാസത്തിന് ശേഷം രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വീണ്ടും ‘വളരെ മോശം' നിലയിൽ. ‘ഗുരുതരമായ' മലിനീകരണ നിലയാണ് നഗരത്തിലെ നിരവധി വിവിധ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയത്.
ഡൽഹിയുടെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക വെള്ളിയാഴ്ച വൈകുന്നേരം നാലിന് വളരെ മോശം നിലയായ 332 ആയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഡാറ്റ പ്രകാരം വ്യാഴാഴ്ച 234, ബുധനാഴ്ച 271 എന്നിങ്ങനെയാണ് വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.
നഗരത്തിലെ 38 പ്രവർത്തനക്ഷമമായ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളിൽ എട്ട് സ്റ്റേഷനുകളിൽ 400 ന് മുകളിൽ ഗുരുതരമായ വായു ഗുണനിലവാരം രേഖപ്പെടുത്തി.
ആനന്ദ് വിഹാർ, ബവാന, ഡിടിയു, ജഹാംഗിർപുരി, നരേല, നെഹ്റു നഗർ, രോഹിണി, വിവേക് വിഹാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 20 സ്റ്റേഷനുകൾ വളരെ മോശം വിഭാഗത്തിലായിരുന്നു, ഒമ്പത് സ്റ്റേഷനുകൾ മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീർ ആപ്പിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ള ഒരു വായുഗുണനിലവാര സൂചിക നല്ലതായി കണക്കാക്കപ്പെടുന്നു, 51-100 തൃപ്തികരം, 101-200 മിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് വായു ഗുണനിലവാരം തരംതിരിക്കുന്നത്.